This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ആസൂത്രണബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ആസൂത്രണബോര്‍ഡ്

കേരള സംസ്ഥാന ആസൂത്രണബോര്‍ഡ് - തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസൃതമായി വിഭവങ്ങളുടെ (മൂലധനം, മാനവവിഭവം, പ്രകൃതിവിഭവങ്ങള്‍) ശാസ്ത്രീയമായ വിശകലനത്തിന്റെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ സംസ്ഥാനസര്‍ക്കാരിനു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായിട്ടുള്ള കേരളസര്‍ക്കാര്‍ സ്ഥാപനം. 1967-ല്‍ രൂപീകൃതമായ ആസൂത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന സാമ്പത്തിക വിദഗ്ധനായിരിക്കും ബോര്‍ഡിന്റെ ഉപാധ്യക്ഷന്‍. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവര്‍ക്കുപുറമേ ധനകാര്യം, വ്യവസായം, കൃഷി, വൈദ്യുതി, നോര്‍ക്ക, ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിമാരും നാല് അനൗദ്യോഗിക അംഗങ്ങളും ബോര്‍ഡിനുണ്ട്. ബ്യൂറോ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് ഡയറക്ടറാണ് ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറി. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പുസെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. എട്ടു പ്രധാന വിഭാഗങ്ങളിലൂടെയാണ് ബോര്‍ഡിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസനാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്ലാന്‍ കോര്‍ഡിനേഷന്‍, കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ്, വികേന്ദ്രീകൃത ആസൂത്രണം, പെഴ്സ്പെക്റ്റീവ് പ്ലാനിങ്, ഇവാലുവേഷന്‍, വിവരസാങ്കേതികം എന്നിവയാണ് ബോര്‍ഡിന്റെ എട്ടു പ്രധാന വിഭാഗങ്ങള്‍. ആസൂത്രണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി ബോര്‍ഡ് എല്ലാവര്‍ഷവും സംസ്ഥാനത്തെ സംബന്ധിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. ബജറ്റവതരണത്തിനുമുമ്പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ സമഗ്രമായ ചിത്രം അനാവരണം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തയ്യാറാക്കുകവഴി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിരന്തരമായ പഠനങ്ങളിലൂടെ വിലയിരുത്തുന്നതും വികസനം സംബന്ധിച്ച ശിപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതും ആസൂത്രണ ബോര്‍ഡിന്റെ ചുമതലയില്‍പ്പെടുന്നു. 1959 മുതല്‍ 2009 വരെയുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെ സമാഹാരം സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2010-ല്‍ ഡിജിറ്റല്‍ രൂപത്തില്‍ ബോര്‍ഡ് പുറത്തിറക്കുകയുണ്ടായി. എം.കെ.എ. ഹമീദായിരുന്നു ആസൂത്രണബോര്‍ഡിന്റെ പ്രഥമ ഉപാധ്യക്ഷന്‍. തിരുവനന്തപുരത്തെ പട്ടത്താണ് ബോര്‍ഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍